മോട്ടോർ വാഹന പണിമുടക്കിൽ ബസുടമാ സംഘടനകൾ പങ്കെടുക്കില്ല
ഒക്ടോബർ ഒൻപത്, പത്ത് തീയതികളിൽ അഖിലേന്ത്യാ മോട്ടോർ ട്രാൻസ്പോർട് കോൺഗ്രസ് ആഹ്വാനം ചെയ്ത വാഹന പണിമുടക്കിൽ ബസുടമാ സംഘടനകൾ പങ്കെടുക്കില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് സെപ്റ്റംബർ 22ന് കരിദിനം ആചരിച്ച് പ്രതിഷേധ ധർണ നടത്തിയിരുന്നു.
11ന് ഇരുമ്പനം ഐഒസി പ്ളാന്റിലേക്ക് പ്രതിഷേധ മാർച്ചും നടത്തുന്ന സാഹചര്യത്തിലാണ് പണിമുടക്കിൽ നിന്നു വിട്ടു നിൽക്കുന്നതെന്നും പ്രസിഡന്റ് എം.ബി.സത്യൻ അറിയിച്ചു. അതേസമയം വാഹനപണിമുടക്ക് കേരളത്തിലെ പൊതുഗതാഗതത്തെ ബാധിക്കില്ലെന്നു ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കിയിരുന്നു. വൻകിട ചരക്കു വാഹനങ്ങളുടെ ഉടമകളാണു സമരം പ്രഖ്യാപിച്ചിരിക്കുന്നത്.അവർ ഉന്നയിക്കുന്ന ആവശ്യങ്ങളോടു ട്രേഡ് യൂണിയനുകൾ യോജിക്കുന്നുണ്ടെങ്കിലും സമരം നടത്തുന്നതു സംബന്ധിച്ചു യൂണിയനുകളുമായി ആലോചിക്കുകയോ പിന്തുണ അഭ്യർഥിക്കുകയോ ചെയ്തിട്ടില്ലെന്നു ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ട്രഷറർ കെ.ജയരാജൻ പറഞ്ഞു.
കേരളത്തിലെ ബസ്, ഓട്ടോ, ടാക്സി തൊഴിലാളികളോ വാഹന ഉടമകളോ സമരത്തിൽ പങ്കെടുക്കുന്നില്ല. എങ്കിലും സമരത്തെ എതിർക്കുന്നില്ലെന്നും വ്യക്തമാക്കി.അതേസമയം, ഒമ്പത്, പത്ത് തീയതികളിലെ സൂചനാ പണിമുടക്കിൽ കേരളത്തിലെ ലോറികളും പങ്കെടുക്കുമെന്ന് ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ ഭാരവാഹികളായ കെ.കെ. ഹംസ, കെ. ബാലചന്ദ്രൻ എന്നിവർ അറിയിച്ചു. ജിഎസ്ടി മൂലമുള്ള പ്രശ്നങ്ങൾ, ഇൻഷുറൻസ് പ്രീമിയം വർധന, പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധന തുടങ്ങിയവയ്ക്കെതിരെയാണു സമരം.