കോട്ടയം: ലോക്ക് ഡൗണിലെ നിയന്ത്രണങ്ങൾ ലംഘിച്ച് ഓൺലൈൻ വഴി ബസ് ബുക്ക് ചെയ്തു മുണ്ടക്കയത്തു നിന്ന് കൊന്നക്കാടിന് പുറപ്പെട്ട സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കെ.എൽ 74 എ 3765 നമ്പരിലുള്ള കോയിസ് എന്ന സ്വകാര്യ ബസാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.ബസിൽ യാത്രക്കാരുണ്ടായിരുന്നതിനാൽ കേസെടുത്ത ശേഷം ബസ് വിട്ടു നല്കി.
കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾ രണ്ടു ജില്ലകളിൽ മാത്രമേ സർവീസ് നടത്താവൂ എന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ചാണ് ചില ടൂറിസ്റ്റ് ബസുകൾ ഓൺലൈൻ വഴി പരസ്യം നൽകി ബുക്കിംങ് സ്വീകരിക്കുന്നതായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്നു, മോട്ടോർ വാഹന വകുപ്പ് ദിവസങ്ങളായി പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കോട്ടയം, മുണ്ടക്കയം എന്നിവിടങ്ങളിൽ നിന്നും കണ്ണൂർ, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലേയ്ക്കു സ്വകാര്യ ബസ് സർവീസ് നടത്തുന്നതായി കണ്ടെത്തിയത്.
സംസ്ഥാനത്തിനുള്ളിൽ രണ്ട് ജില്ലകൾ കടന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്താനാവില്ലെന്നാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ചട്ടം. ഈ ചട്ടം മറികടന്നാണ് വിലക്കുകൾ ലംഘിച്ച് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്.
മോട്ടോർ വാഹന വകുപ്പ്, കോട്ടയം എൻഫോഴ്‌സ്‌മെൻറ് ആർടിഒ ടോജോ എം.തോമസിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ സ് ഇൻസ്‌പെക്ടർ സജിൻ കെ എസ് , എ എം വി ഐ മാരായ അനിൽ ,ഷാജൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു