എസ്.ആര്‍.ടി.സിയുടെ ലോഫ്‌ളോര്‍ ബസുകളുടെ പിന്‍വശത്തുള്ള വാതിലുകള്‍ അടച്ചിടാനുള്ള തീരുമാനം വീല്‍ചെയറുകാര്‍ക്ക് തിരിച്ചടിയാകുന്നു. വീല്‍ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഏറെ അനുഗ്രഹമായിരുന്ന ഈ വാതില്‍ അടച്ചതോടെ നൂറുകണക്കിന് ഭിന്നശേഷിക്കാരാണ് പ്രയാസത്തിലായത്.
സംസ്ഥാനത്തോടുന്ന ലോഫ്‌ളോര്‍ ബസുകളിലെല്ലാം ഭിന്നശേഷി സൗഹൃദമെന്ന നിലയില്‍ ഇത്തരം വാതിലുകളുണ്ട്. ഇവിടെയുള്ള റാമ്പ് തുറന്നുവെച്ചാല്‍ വീല്‍ചെയറുകാര്‍ക്ക് എളുപ്പത്തില്‍ ബസിനുള്ളില്‍ കയറാം. വീല്‍ചെയര്‍ ബസിനുള്ളില്‍ മുന്നോട്ടും പിറകോട്ടും ഓടിക്കളിക്കാതിരിക്കാന്‍ ഇതു ബന്ധിപ്പിക്കാനുള്ള സംവിധാനവും ബസുകളിലുണ്ട്.
എന്നാല്‍ അടുത്തിടെ വര്‍ധിച്ച സാമ്പത്തികപ്രതിസന്ധിയും എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടിയുംമൂലം ഡ്രൈവറും കണ്ടക്ടറും ഒരാള്‍തന്നെയാക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനമെടുത്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് പിന്‍വശത്തുള്ള വാതില്‍ അടച്ചുകെട്ടാനും തീരുമാനമുണ്ടായത്. ഒരാള്‍ക്കുമാത്രമായി ഇതെല്ലാം നിയന്ത്രിക്കാനാവാത്ത അവസ്ഥയാണ് ഇതിനു കാരണമെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം.
ഇക്കാര്യത്തില്‍ മാനുഷികമായ പരിഗണനവെച്ച് അനുകൂലമായ നടപടിയുണ്ടാകണമെന്ന് ഓള്‍കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ലൈസ് ബിന്‍ മുഹമ്മദ് ആവശ്യപ്പെട്ടു.