സർക്കാർ/അർധസർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ.
ലോക് ഡൗണിൽ ഇളവ് നൽകിയതോടുകൂടി സർക്കാർ ഓഫീസുകളിൽ എ, ബി വിഭാഗം ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി വിഭാഗം ജീവനക്കാരുടെ 33 ശതമാനവും ഹാജരാകണമെന്ന് സർക്കാർ ഉത്തരവായിരുന്നു. എന്നാൽ പൊതുഗതാഗതം ഇതുവരെയും ആരംഭിച്ചിട്ടില്ലാത്തതിനാൽ ജീവനക്കാർക്ക് ജോലിയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയും, ആയതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് അനുവദിച്ചത് പോലെ മറ്റ് പ്രധാന സർക്കാർ ഓഫീസ് സമുച്ചയങ്ങൾ, കളക്ടറേറ്റുകൾ, സിവിൽ സ്റ്റേഷനുകൾ, ഹൈക്കോടതി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ജീവനക്കാരുടെ ഗ്രൂപ്പുകൾക്ക് റൂട്ട് മാപ്പ് തയ്യാറാക്കി ഒരു റൂട്ടിലേക്ക് നിലവിലുള്ള ടിക്കറ്റ് നിരക്കിന്റെ ഇരട്ടി നിരക്കിൽ സർവീസ് നടത്തുവാൻ കെ.എസ്.ആർ.ടി.സി-ക്ക് സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ റൂട്ടും, എണ്ണവും ചിട്ടപ്പെടുത്തി തൊട്ടടുത്ത യൂണിറ്റ് അധികാരികളുമായി ബന്ധപ്പെട്ടാൽ ആ റൂട്ടുകളിൽ സർക്കാർ നിശ്ചയിച്ചപ്രകാരം ഇരട്ടി നിരക്കിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സർവീസുകൾ അനുവദിക്കുന്നതാണ്. കൊല്ലം, കോട്ടയം ജില്ലകളിൽ 15.05.2020 മുതൽ സർവ്വീസുകൾ ആരംഭിക്കുകയാണ്. പത്തനംതിട്ടയിൽ സിവിൽ സ്റ്റേഷനിലേയും മറ്റ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വേണ്ടി 18.05.2020 മുതൽ സർവ്വീസ് ആരംഭിക്കും.
താഴെ പറയുന്ന നിബന്ധനകൾക്കനുസരിച്ചായിരിക്കും സർവ്വീസ് നടത്തുന്നത്.
1. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു മാത്രമേ ഈ സർവ്വീസുകളിൽ യാത്ര അനുവദിക്കുകയുള്ളൂ.
2. യാത്ര ചെയ്യുന്നവരുടെ കൈവശം ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടതും ആയത് കണ്ടക്ടർക്ക് പരിശോധനക്കായി നൽകേണ്ടതുമാണ്.
3. യാത്ര ചെയ്യുന്നവർ കൊറോണ പ്രതിരോധ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കേണ്ടതാണ്. മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകളില്‍ രണ്ടുപേരും രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകളില്‍ ഒരാളും സാമൂഹിക അകലം പാലിച്ച് ഇരിക്കേണ്ടതാണ്. നിന്നുള്ള യാത്ര (സ്റ്റാൻഡിങ് പാസഞ്ചേഴ്സ്) യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
4. ജീവനക്കാര്‍ സാനിറ്റൈസര്‍ കൈയ്യിൽ കരുതേണ്ടതും ബസില്‍ കയറുന്നതിനു മുമ്പ് സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ ശുചീകരിക്കേണ്ടതുമാണ്.
5. എല്ലാവരും യാത്രയിലുടനീളം നിര്‍ബന്ധമായും മാസ്ക് ധരിക്കണം.
6. സർക്കാർ നിർദ്ദേശപ്രകാരമുള്ള പ്രത്യേക നിരക്കിലുള്ള യാത്രക്കൂലി നല്‍കണം.
7. യാതൊരു കാരണവശാലും കെഎസ്ആർടിസി-യുടെ അംഗീകൃത സ്റ്റോപ്പുകളല്ലാത്ത ഒരിടത്തും ബസ് നിർത്തുന്നതല്ല.
8. യാത്രക്കാർ നിർബന്ധമായും പിൻ വശത്തെ വാതിലിലൂടെ കയറി മുൻ വശത്തെ വാതിലിൽ കൂടി ഇറങ്ങേണ്ടതാണ്.
9. പൂർണമായും സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടിയുള്ള സ്പെഷ്യൽ സർവീസുകളാണ് നടത്തുന്നത് എന്നതിനാൽ മറ്റ് പൊതുജനങ്ങളെ ഈ സർവീസുകളിൽ കയറുവാനോ യാതൊരുവിധമായ സൗജന്യ യാത്രാ പാസുകൾ ഉപയോഗിച്ച് മറ്റാരേയും യാത്ര ചെയ്യുവാനോ അനുവദിക്കുകയില്ല.
കോട്ടയം ജില്ലയിലെ സർവീസുകൾ:
കോട്ടയം കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി ചങ്ങനാശേരി, പരിപ്പ്, മുണ്ടക്കയം, പാലാ, ചെമ്പ്, വൈക്കം എന്നിവിടങ്ങളില്‍ നിന്നാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസുകൾ നടത്തുന്നത്.
ചങ്ങനാശേരിയില്‍നിന്ന് രാവിലെ 09:20-നും, പരിപ്പില്‍നിന്ന് 09:40-നും ബസ് പുറപ്പെടും. മുണ്ടക്കയത്തുനിന്ന് രാവിലെ 08:25-ന് ആരംഭിക്കുന്ന സര്‍വീസ് കാഞ്ഞിരപ്പള്ളി(08:55) പൊന്‍കുന്നം(09:05) വഴി കോട്ടയത്തെത്തും.
പാലായില്‍നിന്ന് രാവിലെ 09.00-ന് രണ്ടു ബസുകളുണ്ട്. കിടങ്ങൂര്‍- ഏറ്റുമാനൂര്‍ വഴിയും, മണര്‍കാട് വഴിയുമായിരിക്കും സർവ്വീസുകൾ. ചെമ്പില്‍നിന്ന് 08:40-ന് യാത്രയാരംഭിക്കുന്ന ബസ് വൈക്കം, തലയോലപ്പറമ്പ്, കുറുപ്പുന്തറ, കുറവിലങ്ങാട്, വെമ്പള്ളി, കാണക്കാരി, ഏറ്റുമാനൂര്‍ വഴി കോട്ടയത്തെത്തും. ഒന്‍പതിന് വൈക്കത്തുനിന്ന് ആരംഭിക്കുന്ന സര്‍വീസ് ഉല്ലല, കൈപ്പുഴമുട്ട്, കുമരകം വഴിയാണ് എത്തുക. ഇതേ റൂട്ടുകളില്‍ വൈകുന്നേരം 05.15-ന് മടക്കയാത്രയ്ക്കും ബസുണ്ടാകും.
കൊല്ലം ജില്ലയിലെ സർവ്വീസുകൾ:
കരുനാഗപ്പള്ളിയിൽ നിന്നും 2, കൊട്ടാരക്കരയിൽ നിന്നും കരിക്കോട് വഴി 2, കൊട്ടാരക്കരയിൽ നിന്നും അഞ്ചാലുംമൂട് വഴി 1, ചടയമംഗലത്ത് നിന്ന് 1, പാരിപ്പള്ളിയിൽ നിന്നും 2 എന്നിങ്ങനെയാണ് കൊല്ലം സിവിൽ സ്റ്റേഷനിലേക്ക് 15.05.2020 വെള്ളിയാഴ്ച മുതൽ പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ സർവ്വീസുകൾ:
പത്തനംതിട്ട സിവിൽ സ്റ്റേഷൻ ജീവനക്കാർക്ക് വേണ്ടി മെയ് 18 തിങ്കളാഴ്ച മുതൽ കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസുകൾ ആരംഭിക്കും. അടൂർ, പന്തളം, തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി, എന്നിവിടങ്ങളിൽ നിന്നാണ് പ്രത്യേക സർവീസുകൾ ആരംഭിക്കുക.
തിരുവല്ല, റാന്നി എന്നിവിടങ്ങളിൽ നിന്നും 08.30-നും, അടൂർ, കോന്നി എന്നിവിടങ്ങളിൽ നിന്ന് 08.45-നും, പന്തളത്തു നിന്നും 09.00-മണിക്കും ആവും സർവീസുകൾ തുടങ്ങുക.
അടൂരിൽ നിന്നും ആരംഭിക്കുന്ന ബസ് ഏഴംകുളം, കൊടുമൺ, വള്ളിക്കോട് വഴി പത്തനംതിട്ട എത്തും.
പന്തളത്തു നിന്നും തുമ്പമൺ, കൈപ്പട്ടൂർ വഴിയാണ് പത്തനംതിട്ട എത്തുന്നത്. തിരുവല്ലയിൽ നിന്നും മല്ലപ്പള്ളിയിൽ നിന്നും തുടങ്ങുന്ന സർവീസ് കോഴഞ്ചേരി വഴി പത്തനംതിട്ട എത്തിച്ചേരും. കോന്നിയിൽ നിന്നും സർവീസ് തുടങ്ങി കൂടൽ വഴിയും, റാന്നിയിൽ നിന്നുള്ള സർവീസ് മണ്ണാറക്കുളഞ്ഞി, മൈലപ്ര വഴിയും പത്തനംതിട്ട എത്തുന്നതാണ്.
ഇതേ റൂട്ടുകളിൽ വൈകുന്നേരം 05:10-ന് സിവിൽ സ്റ്റേഷനിൽ നിന്നും തിരിച്ചും സർവീസ് ഉണ്ടായിരിക്കും.